എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരത്തിന്റെ ലഭ്യതക്കുറവ് മൂലം ആയിരക്കണക്കിന് എൻഡോസൾഫാൻ ദുരിതബാധിതരാണ് ദുരിതമനുഭവിക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് നേരത്തെ ലഭിച്ചിരുന്ന നാമമാത്ര പെൻഷൻ പോലും കൊവിഡ് കാലത്ത് കഷ്ടപ്പാടുകളും പ്രയാസങ്ങളും പതിൻമടങ്ങായപ്പോൾ നൽകിയിരുന്നില്ല. ഈ പാവപ്പെട്ടവരുടെ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുന്നത് ക്രൂരമാണെന്നും സതീശൻ കത്തിൽ പറയുന്നു.
എൻഡോസൾഫാൻ ബാധിതയായ മകളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതും വിറപ്പിച്ചതുമാണ്. ഇത് രോഗബാധിതരുടെ നിസ്സഹായാവസ്ഥ തുറന്നുകാട്ടി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ശ്രദ്ധയും പരിഗണനയും വേണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ അഭ്യർത്ഥിച്ചു.