ന്യൂഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് 500 ദേശീയ പതാകകൾ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഫ്ളാഗ് കോഡ് ഉറപ്പാക്കാൻ അഞ്ചംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, എല്ലാ ഞായറാഴ്ചയും ദേശീയഗാനം ആലപിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
“‘തിരംഗ സമ്മാൻ സമിതി’ ഞായറാഴ്ചകളിൽ രാവിലെ 10 മണിക്ക് പതാകകൾ സ്ഥാപിച്ച സ്ഥലത്ത് ആളുകളെ അണിനിരത്തി ദേശീയഗാനം ആലപിക്കും. ഡൽഹിയിൽ ആരും പട്ടിണികിടക്കില്ലെന്ന് ഈ വാളണ്ടിയർമാർ ഉറപ്പാക്കുകയും എല്ലാ കുട്ടികളും സ്കൂളിൽ പോകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും”, അദ്ദേഹം പറഞ്ഞു. ആവശ്യക്കാർക്ക് മരുന്നുകൾ എത്തിച്ചുകൊടുക്കുക, ഭവനരഹിതരെ സർക്കാർ കേന്ദ്രങ്ങളിൽ എത്തിക്കുക, പരിസര ശുചിത്വം ഉറപ്പാക്കുക എന്നിവയും അവരുടെ കടമയാണ്.
വിവിധ പ്രവർത്തനങ്ങൾക്കായി ഓരോ ഗ്രൂപ്പും 100 വാളണ്ടിയർമാരെ തയ്യാറാക്കിയ ശേഷം, എല്ലാവർക്കും തൻറെ വസതിയിൽ അത്താഴവിരുന്ന് ഒരുക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. അവർ ആം ആദ്മി പാർട്ടിയുടെയോ ബിജെപിയുടെയോ കോൺഗ്രസിൻറെയോ വളണ്ടിയർമാരല്ല, മറിച്ച് ഇന്ത്യയുടെ വളണ്ടിയർമാരായിരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.