കോട്ടയം: തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജിന് വീണ്ടും നോട്ടീസ്. അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർക്ക് മുന്നിൽ ജൂൺ ആറിന് രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ്. വെള്ളിയാഴ്ചയാണ് പിസിക്ക് നോട്ടീസ് അയച്ചത്. ജാമ്യം റദ്ദാക്കാൻ നീക്കമില്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് 29ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും പിസി തൃക്കാക്കരയിലേക്ക് പോയി.
തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കണമെന്നും ആരോഗ്യ പരിശോധനയ്ക്കായി ഡോക്ടറെ കാണണമെന്നും അതിനാൽ ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും പിസി ജോർജ് മറുപടി നൽകിയിരുന്നു. പിന്നീട് പോലീസ് ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല.
തിരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ കേസിൽ തുടരന്വേഷണം ഉണ്ടാകില്ലെന്ന രാഷ്ട്രീയ ആരോപണങ്ങൾക്കിടെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പി.സി ജോർജിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതനുസരിച്ച് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സാധ്യത.