നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിൻറെ ഭാഗമായി കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്. കാവ്യ മാധവനെയും ദിലീപിൻറെ സിനിമാ മേഖലയിലെ സുഹൃത്തുക്കളെയും ഉടൻ ചോദ്യം ചെയ്തേക്കും. തെളിവായി ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിൻറെ ശാസ്ത്രീയ പരിശോധനാഫലം നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ.
കേസിൽ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി ഹൈക്കോടതി സമയം നൽകുമ്പോൾ കേസിൽ ചോദ്യം ചെയ്യപ്പെടേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ചിൻറെ പക്കലുണ്ട്. ദിലീപിൻറെ ഭാര്യ കാവ്യ മാധവൻ, ദിലീപിൻറെ സഹോദരൻ, സിനിമാ മേഖലയിലെ സുഹൃത്തുക്കൾ എന്നിവരെ വീണ്ടും ചോദ്യം ചെയ്യും.
ദിലീപിൻറെ പങ്ക് സ്ഥിരീകരിക്കാൻ കഴിയുന്ന തെളിവുകൾ കണ്ടെത്തുക എന്നത് അന്വേഷണ സംഘത്തിന് മുന്നിലുള്ള ശ്രമകരമായ ദൗത്യമാണ്. ഏകദേശം 30 ശതമാനം ഡിജിറ്റൽ തെളിവുകൾ ഒന്നര മാസത്തിനുള്ളിൽ പരിശോധിക്കേണ്ടതുണ്ട്.