ന്യൂഡൽഹി: ചൈനീസ് പൗരൻമാർക്ക് വിസ അനുവദിക്കാൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. സിബിഐ കോടതിയാണ് ഹർജി തള്ളിയത്. കേസിലെ ഒന്നാം പ്രതികളായ ഭാസ്കർ രാമൻ, വികാസ് മകരിയ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി. കഴിഞ്ഞയാഴ്ച ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി വിധി പറയുന്നത് മാറ്റിവച്ചിരുന്നു.
പി ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ പണം വാങ്ങി ചൈനീസ് പൗരൻമാർക്ക് വിസ ലഭിക്കാൻ ഇടപെട്ടുവെന്നാരോപിച്ചാണ് കാർത്തി ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ 2011ലാണ് സംഭവം നടന്നതെന്ന് കാർത്തിയുടെ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു. കേസുമായി ബന്ധപ്പെട്ട ഇമെയിലുകൾ ഏജൻസികളുടെ പക്കൽ ഉണ്ടായിരുന്നെങ്കിലും വർഷങ്ങളായി ഇത് അന്വേഷിച്ചിട്ടില്ലെന്നും സിബൽ ചൂണ്ടിക്കാട്ടി.