ലക്നൗ: അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഉത്തർപ്രദേശിൽ 2,500 കോടി രൂപയുടെ മൂന്ന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. വാരണാസിയിലും പ്രയാഗരാജിലും ഓരോ ലുലു മാളും ഗ്രേറ്റർ നോയിഡയിൽ ലുലു ഫുഡ് പ്രോസസിംഗ് ഹബ്ബും നിർമ്മിക്കാനാണ് പദ്ധതി. ലക്നൗവിൽ നടക്കുന്ന മൂന്നാമത് നിക്ഷേപ ഉച്ചകോടിയിലാണ് ലുലുവിന്റെ പ്രഖ്യാപനം.
ലുലു ഗ്രൂപ്പ് ലഖ്നൗവിൽ 2,000 കോടി രൂപയുടെ ലുലുമാൾ ഇതിനകം നിർമ്മിച്ചിട്ടുണ്ട്. കോൺഫറൻസ് സിറ്റിയിലെ ലുലു പവലിയൻ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലുലു ഗ്രൂപ്പ് ചെയർമാൻ യു.പി.യിലെ പുതിയ പദ്ധതികളെക്കുറിച്ച് ധരിപ്പിച്ചു.
ലഖ്നൗവിലെ ലുലു മാൾ വരും ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്യും. മറ്റ് മൂന്ന് പുതിയ പദ്ധതികൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകും. യൂസഫലി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രമുഖ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ യുപിയിൽ നടപ്പാക്കുന്ന മികച്ച വികസന പ്രവർത്തനങ്ങളെയും യൂസഫലി അഭിനന്ദിച്ചു.