Spread the love

തിരുവനന്തപുരം: സ്‌കൂളുകളിലും കോളജുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. സിന്തറ്റിക് മരുന്നുകളുടെ ഉപയോഗം കേരളത്തിൽ വർദ്ധിച്ചു വരികയാണെന്നും അപകടകരമായ ഈ സാഹചര്യം കണക്കിലെടുത്ത് സമൂഹം ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാന മയക്കുമരുന്ന് പ്രതിരോധ ദൗത്യമായ വിമുക്തിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സ്കൂളുകൾക്കും കോളേജുകൾക്കുമൊപ്പം ഹോസ്റ്റലുകളിലും ശ്രദ്ധാപൂർവ്വമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. കോളേജുകളിലെ ലഹരി വിരുദ്ധ ക്ലബ്ബുകൾ മയക്കുമരുന്ന് സംഘങ്ങളെ കുറിച്ച് എക്സൈസിന് രഹസ്യവിവരം നൽകുന്ന സംവിധാനമാക്കി മാറ്റാനാകും. പ്രായഭേദമന്യെ സമൂഹത്തിൽ മയക്കുമരുന്ന് പടരുകയാണെന്നും മന്ത്രി പറഞ്ഞു. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ താമസിക്കുന്ന ജനവാസ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവും ഊർജിതമാക്കണം. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും മന്ത്രി നിർദേശം നൽകി. കായിക- സാംസ്‌കാരിക മേഖലയിലെ പദ്ധതികൾ വിപുലീകരിക്കും. നിലവിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സാംസ്കാരിക/ലൈബ്രറി ഗ്രൂപ്പുകളുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും യോഗം തീരുമാനിച്ചു.

ലഹരിമുക്തമാക്കാൻ ഡീ അഡിക്ഷൻ സെന്ററുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. അലോപ്പതിക്കൊപ്പം ആയുർവേദം, ഹോമിയോപ്പതി എന്നിവയും നൂതന ചികിത്സാ രീതികളുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ഡീ അഡിക്ഷൻ സെന്ററുകളിൽ സംയോജിത ചികിത്സാ രീതി നടപ്പാക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. പൊതുഭരണ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഐ എ എസ്, എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ ഐ പി എസ്, വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

By newsten