Spread the love

തിരുവനന്തപുരം: ജൂൺ അഞ്ചിനു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന സിവിൽ സർവീസ് പരീക്ഷയുടെ ഒരുക്കങ്ങൾ സംസ്ഥാനത്ത് പൂർത്തിയായി. രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയും രണ്ട് സെഷനുകളിലായാണ് പരീക്ഷ നടക്കുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ. പരീക്ഷാ സമയത്തിനു 10 മിനിറ്റ് മുമ്പ് ഹാളിൽ പ്രവേശിക്കുന്നവർക്ക് മാത്രമേ പരീക്ഷയെഴുതാൻ അനുവാദമുള്ളൂ. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് അഡ്മിറ്റ് കാർഡിനൊപ്പം കൈയിൽ കരുതണം.

ഉത്തരസൂചിക പൂരിപ്പിക്കുന്നതിനു കറുത്ത ബോൾപോയിന്റ് പേന ഉപയോഗിക്കണം. മൊബൈൽ ഫോണുകൾ, ക്യാമറകൾ, ഇലക്ട്രോണിക് വാച്ചുകൾ, കാൽക്കുലേറ്ററുകൾ, മറ്റേതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പരീക്ഷാ ഹാളിൽ അനുവദിക്കില്ല. പരീക്ഷാ സമയം കഴിയുന്നതുവരെ ഉദ്യോഗാർത്ഥികൾക്ക് പുറത്തിറങ്ങാൻ അനുവാദമില്ല. കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. മാസ്ക് ധരിച്ച് മാത്രമേ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കാവൂ.

By newsten