ദില്ലി: മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം നിരോധിച്ചതിൽ മുൻ നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ. നിരോധനത്തെ കുറിച്ച് മീഡിയ വൺ ചാനൽ മാനേജ്മെന്റിനെ അറിയിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കി. രാജ്യസുരക്ഷയ്ക്കായി രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മീഡിയ വൺ ചാനലിനു സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ഇന്റലിജൻസ് വിഭാഗം സമർപ്പിച്ച രേഖകൾ മീഡിയ വൺ ചാനൽ അധികൃതർക്ക് കൈമാറാൻ കഴിയില്ല. അത്തരമൊരു നടപടി ദേശീയ സുരക്ഷയിൽ സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാരിൻ വേണ്ടി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഡയറക്ടർ വൃന്ദ മനോഹർ ദേശായിയാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.