റിയാദ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം നിർമ്മിക്കാൻ ഒരുങ്ങുകയാണ് സൗദി അറേബ്യ. രാജ്യത്തെ ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് അംബരചുംബി ഇരട്ട ഗോപുരം നിർമ്മിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. ചെങ്കടൽ തീരത്ത് സൗദി അറേബ്യ നിർമ്മിക്കുന്ന 500 ബില്യൺ ഡോളറിന്റെ നിയോം പദ്ധതിയുടെ ഭാഗമായാണ് കെട്ടിടം നിർമ്മിക്കുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സ്വപ്ന പദ്ധതിയാണ് നിയോം. നിർമ്മാണം പൂർത്തിയായാൽ, സൗദി അറേബ്യയിലെ അംബരചുംബി കാഴ്ചയുടെ അത്ഭുതങ്ങൾ മറയ്ക്കുന്ന ഒരു വലിയ കെട്ടിടമായി മാറും. ഈ ഇരട്ടഗോപുരം ലോകത്തിലെ മറ്റേതൊരു കെട്ടിടത്തേക്കാളും വളരെ വലുതായിരിക്കും. ഏകദേശം 500 മീറ്റർ ഉയരവും ഡസൻ കണക്കിനു മൈൽ നീളവും ഈ ഇതിനുണ്ടാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
ചെങ്കടൽ തീരം മുതൽ മരുഭൂമി വരെ കെട്ടിടം നീളുമെന്നാണ് റിപ്പോർട്ടുകൾ. പാർപ്പിട സൗകര്യങ്ങൾക്കൊപ്പം ഓഫീസുകളും കെട്ടിടത്തിന്റെ ഭാഗമാകും. ഇവ കൂടാതെ, ഇരട്ട ടവറിനു വിവിധ ഫാക്ടറികളും മാളുകളും ഉൾപ്പെടെ ഒരു വലിയ ലോകമുണ്ടാകും.