ന്യൂഡല്‍ഹി: ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ കുതിരക്കച്ചവടം ഭയന്ന് ഹരിയാനയിലെ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി. എംഎൽഎമാരെ ഛത്തീസ്ഗഡിലെ റിസോർട്ടിലേക്ക് മാറ്റുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ഈ മാസം 10 നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലെ റിസോർട്ടിൽ നാളെ മുതൽ മുറികൾ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എംഎൽഎമാരെ എപ്പോൾ റിസോർട്ടിലേക്ക് മാറ്റുമെന്ന് വ്യക്തമല്ല. ഇത് എപ്പോൾ മാറ്റണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും എന്നാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇത് സംഭവിക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ഹരിയാനയിൽ രണ്ട് സീറ്റുകളിലാണ് മത്സരം നടക്കുന്നത്. ബി.ജെ.പിക്കും കോൺഗ്രസിനും നിയമസഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ ഓരോ സീറ്റ് വീതം നേടാം. ബി.ജെ.പിയുടെ കൃഷ്ണലാൽ പന്‍വാർ ഒരു സീറ്റിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. രണ്ടാമത്തെ സീറ്റിൽ കോൺഗ്രസിന്റെ അജയ് മാക്കനെ പരാജയപ്പെടുത്താൻ ഒരു മാധ്യമ സ്ഥാപനത്തിന്റെ തലവനായ കാർത്തികേയൻ ശർമയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ബിജെപി രംഗത്തിറക്കി.