അയോധ്യയിലെയും മഥുരയിലെയും ക്ഷേത്രപരിസരങ്ങളിൽ മദ്യവിൽപ്പന നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. അയോധ്യയിലെ രാമക്ഷേത്രം, മഥുരയിലെ കൃഷ്ണ ജന്മഭൂമി എന്നിവയുടെ പരിസരത്ത് മദ്യശാലകൾ അനുവദിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിൽ പറഞ്ഞു. അയോധ്യയിൽ നിലവിലുള്ള മദ്യശാലകളുടെ ലൈസൻസുകളും സർക്കാർ റദ്ദാക്കി.
ഇത് സംബന്ധിച്ച ഉത്തരവ് ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. മഥുരയിലെ 37 ബിയർ പാർലറുകളും മദ്യവിൽപ്പന ശാലകളും അടച്ചിടാൻ ഉത്തരവിട്ടു. അയോധ്യയിലെ രാമക്ഷേത്ര പരിസരത്തുള്ള എല്ലാ മദ്യശാലകളും അടച്ചുപൂട്ടണം. ഹോട്ടലുകളിൽ പ്രവർത്തിക്കുന്ന മൂന്ന് ബാറുകളും രണ്ട് മോഡൽ ഷോപ്പുകളും അടച്ചിടും.
മദ്യത്തിന് പകരം മഥുരയിൽ പശുവിൻ പാൽ വിൽക്കാമെന്നും അതുവഴി കച്ചവടം പുനരുജ്ജീവിപ്പിക്കാമെന്നും സർക്കാർ പറയുന്നു. കഴിഞ്ഞ വർഷം യോഗി ആദിത്യനാഥ് മഥുരയിൽ മദ്യത്തിന്റെയും ഇറച്ചിയുടെയും വിൽപ്പന നിരോധിച്ചിരുന്നു.