മാൻസ: മൻസയിൽ വെടിയേറ്റ് മരിച്ച പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. ജൻമനാടായ ജവഹർകെയിൽ കനത്ത സുരക്ഷയിലാണ് മൃതദേഹം സംസ്കരിച്ചത്. ആയിരക്കണക്കിന് ആരാധകരാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ തടിച്ചുകൂടിയത്. ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ഇരുപതിലധികം വെടിയുണ്ടകളാണ് ശരീരത്തിൽ തുളച്ചുകയറിയതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു.
സിദ്ദുവിൻറെ സുരക്ഷ കുറച്ചത് സംബന്ധിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആരുടെ സുരക്ഷയാണ് പിന്‍വലിച്ചതെന്നും എന്തിനാണ് സുരക്ഷ പിന്‍വലിച്ചതെന്നും കോടതി വിശദീകരണം തേടി.
കേസുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് ആറ് പേരെ അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി.ജി.പി വി.കെ ഭവ്ര പറഞ്ഞു. ലോറൻസ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്.