Spread the love

സഹപാഠിക്ക് സ്നേഹത്തിന്റെ വീട് ഒരുക്കി ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികൾ. വളയം ഗവ.ഹയർ സെക്കൻഡറി സ്കൂൾ 1994-95 വർഷത്തെ എസ്.എസ്.എൽ.സി. ബാച്ച് വാട്സാപ്പ് ഗ്രൂപ്പാണ് യുവാവിന് സ്നേഹവീട് നൽകിയത്.
രണ്ട് വർഷം മുമ്പ് ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കാൻ ബാച്ച് തീരുമാനിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായ ലോക്ക്ഡൗൺ കാരണം അത് മാറ്റി വയ്ക്കുകയായിരുന്നു. എന്നിരുന്നാലും, കൊറോണ കാലത്ത് കമ്മ്യൂണിറ്റി സർവീസ് രംഗത്ത് ഈ സംഘം സജീവമായിരുന്നു. ഈ സമയത്താണ് വളയം സ്വദേശി ദിനേശന് വീടില്ലെന്ന് അറിയുന്നത്. ഇതോടെ ദിനേശിനെ സഹായിക്കാൻ സുഹൃത്തുക്കൾ മുന്നോട്ടുവന്നു. കൂട്ടായ്മയിലെ ഓരോ അംഗവും തങ്ങളാൽ കഴിയുന്ന പണം സമാഹരിച്ച് വീടിന്റെ നിർമ്മാണം ആരംഭിച്ചു.

ഉദാരമതികളായ ചിലരുടെ സഹായത്തോടെ വീടിന്റെ നിർമ്മാണം പൂർത്തിയായി. ഞായറാഴ്ചയാണ് ദിനേശനും കുടുംബവും സഹപാഠികളുടെ സാന്നിധ്യത്തിൽ പുതിയ വീട്ടിൽ താമസം തുടങ്ങിയത്. വിദ്യാർത്ഥി കൂട്ടായ്മയിലെ സംഘാംഗങ്ങളായ എ.കെ.ബിജിഷ, അജിന അമ്പാടി, പ്രമോദ് കൂട്ടായി, വി.പി.പവിത്രൻ ,കെ.കെ. നികേഷ്, പ്രസാദ് തുടങ്ങിയവരാണ് ഇതിന് നേതൃത്വം നൽകിയത്.

By newsten