കേന്ദ്രമന്ത്രിസഭയിൽ തുടരണമോയെന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം തേടുമെന്ന് ആർസിപി സിംഗ്. ജൂലൈയിൽ കാലാവധി അവസാനിക്കുന്ന കേന്ദ്രമന്ത്രി ആർസിപി സിംഗിന് ഇത്തവണ ജനതാദൾ (യു) ടിക്കറ്റ് നിഷേധിച്ചിരുന്നു. രണ്ട് ടേം പൂർത്തിയാക്കുന്ന ആർസിപി സിംഗിന് പകരം ജെഡിയു ജാർഖണ്ഡ് പ്രസിഡന്റ് ഖെരു മഹാതോയ്ക്ക് രാജ്യസഭാ ടിക്കറ്റ് നൽകി.
കേന്ദ്ര മന്ത്രിസഭയിൽ നിന്ന് സ്വമേധയാ രാജിവയ്ക്കില്ലെന്ന് ആർസിപി സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ പാർട്ടി നേതാവ് നിതീഷ് കുമാറോ ആവശ്യപ്പെട്ടാലുടൻ രാജിവയ്ക്കുമെന്ന് ആർ.സി.പി.സിങ് പറഞ്ഞു.
പ്രധാനമന്ത്രി അനുവദിച്ചാൽ രാജ്യസഭാ കാലാവധി അവസാനിച്ചാലും ആറ് മാസം കൂടി കേന്ദ്രമന്ത്രിയായി തുടരാൻ കഴിയുമെന്നതിനാലാണ് ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഉപദേശം തേടാനുള്ള ആർസിപി സിംഗിന്റെ നീക്കം. ജെഡിയുവിന്റെ കേന്ദ്ര മന്ത്രിസഭയിലെ ഏക പ്രതിനിധിയാണ് ആർസിപി സിംഗ്.