ജാപ്പനീസ് കമ്പനികൾ ഇന്ത്യയുടെ സ്മാർട്ട് സിറ്റി, 5 ജി പദ്ധതികളിൽ പങ്കാളികളാകും. വിവരസാങ്കേതിക രംഗത്തെ വന്‍കിട സംരംഭമായ എന്‍.ഇ.സി. കോര്പ്പറേഷൻ ചെയര്മാന് ഈ മേഖലയിൽ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കോർപ്പറേഷൻ ചെയർമാൻ നൊബുഹിരോ എൻഡോ ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ച ടോക്കിയോയിലെത്തിയ മോദി, സുസുക്കി മോട്ടോർ കോർപ്പറേഷൻറെ മുതിർന്ന ഉപദേഷ്ടാവ് ഒസാമു സുസുക്കി, യൂണിക്ലോയുടെ മാതൃ കമ്പനിയായ ഫാസ്റ്റ് റീട്ടെയിലിംഗ് ചെയർമാൻ തദാഷി യാനായി, സോഫ്റ്റ് ബാങ്ക് കോർപ്പറേഷൻ ബോർഡ് ഡയറക്ടറും സ്ഥാപകനുമായ മസയോഷി സൺ എന്നിവരുമായി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തി.
സുരക്ഷിതവും ശക്തവുമായ 5 ജി സംവിധാനം സ്ഥാപിക്കുന്നതിൻ ഇന്ത്യയിലെ ടെലികോം കമ്പനികളുമായി സഹകരിക്കാൻ തയ്യാറാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നോബുഹിരോ എൻഡോ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ 6,000 ഇന്ത്യൻ എഞ്ചിനീയർമാരാണ് എൻഇസിയിൽ ജോലി ചെയ്യുന്നത്. ചെന്നൈ-ആൻഡമാൻ നിക്കോബാർ, കൊച്ചി-ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഒ.എഫ്.സി. പദ്ധതികളിൽ എൻ .ഇ.സി.യുടെ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.