ജർമ്മനി: എട്ടുവയസുകാരിയെ പുറംലോകം കാണാതെ അമ്മ വീടിനകത്ത് അടച്ചിട്ടത് 7 വർഷത്തോളം. ജർമ്മനിയിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ അമ്മയും മുത്തച്ഛനും മുത്തശ്ശിയും ഇപ്പോൾ അന്വേഷണം നേരിടുകയാണ്.
സെപ്റ്റംബർ അവസാനത്തോടെ മോചിപ്പിച്ച കുട്ടി ഇപ്പോൾ ഫോസ്റ്റർ കെയറിലാണ്. പടികൾ കയറുന്നത് പോലുള്ള പതിവു കാര്യങ്ങൾ ചെയ്യാൻ കുട്ടിക്ക് ഇപ്പോൾ ബുദ്ധിമുട്ടാണെന്ന് അധികൃതർ പറയുന്നു. തന്‍റെ ജീവിതത്തിൽ ഒരു കാടോ പുൽത്തകിടിയോ താൻ കണ്ടിട്ടില്ലെന്ന് കുട്ടി പറഞ്ഞു.
കുട്ടി ഇറ്റലിയിലേക്ക് പോയതായാണ് അവളുടെ അമ്മ അധികാരികളോടും മറ്റുള്ളവരോടും പറഞ്ഞിരുന്നത്. എന്നാൽ ആരും ശ്രദ്ധിക്കാതെ കുട്ടിയെ വീടിന്‍റെ ഒരു ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത വിധത്തിലാണ് കുട്ടിയെ ഒളിപ്പിച്ചിരുന്നത്. ഈ എട്ടു വയസുകാരി ഒരിക്കലും സ്കൂളിൽ പോകുകയോ പുറത്ത് കളിക്കുകയോ പോലും ചെയ്തിട്ടില്ല. സംഭവത്തിന്റെ കാരണം അധികൃതർ അന്വേഷിക്കുന്നുണ്ട്.