Spread the love

ന്യൂസിലൻഡ്: രാജ്യത്തെ ഏറ്റവും വലിയ തടാകത്തിന് താഴെയുള്ള അഗ്നിപർവ്വതത്തിന്‍റെ സുരക്ഷാ മുന്നറിയിപ്പ് ന്യൂസിലാൻഡ് ശാസ്ത്രജ്ഞർ വർദ്ധിപ്പിച്ചു. തടാകത്തിനടിയിൽ 700 ഓളം ചെറിയ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അഗ്നിപർവ്വത സ്ഫോടന മുന്നറിയിപ്പ് നൽകിയത്. ഏകദേശം 1,800 വർഷങ്ങൾക്ക് മുമ്പാണ് ഈ അഗ്നിപർവ്വതം അവസാനമായി പൊട്ടിത്തെറിച്ചത്. കഴിഞ്ഞ 5,000 വർഷത്തിനിടയിലെ ഏറ്റവും വലിയ സ്ഫോടനമാണിതെന്നാണ് കരുതുന്നത്. ഏകദേശം 700 ഓളം ചെറിയ ഭൂകമ്പങ്ങൾ കണ്ടെത്തിയതിന് ശേഷം അഗ്നിപർവ്വത മുന്നറിയിപ്പ് നില 0 ൽ നിന്ന് 1 ആയി ഉയർത്തിയതായി ജിയോനെറ്റ് പ്രസ്താവനയിൽ പറഞ്ഞു.

അഗ്നിപർവ്വത മുന്നറിയിപ്പ് സംവിധാനം തുടർച്ചയായി വർദ്ധിച്ചുവരുന്ന ആറ് തലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും, ഏത് തലത്തിലും സ്ഫോടനങ്ങൾ ഉണ്ടാകാമെന്നും പ്രവർത്തനം വേഗത്തിൽ മാറുന്നതിനാൽ ലെവലുകൾ ക്രമത്തിൽ നീങ്ങില്ലെന്നും ജിയോനെറ്റ് ചൂണ്ടിക്കാണിച്ചു. ബി.സി. 200-ൽ അവസാനമായി പൊട്ടിത്തെറിച്ചപ്പോൾ, ടൗപോ അഗ്നിപർവ്വതം 100 ക്യുബിക് കിലോമീറ്ററിലധികം ചാരം അന്തരീക്ഷത്തിലേക്ക് പുറന്തള്ളി. മനുഷ്യപൂർവ കാലഘട്ടത്തിൽ നടന്ന സ്ഫോടനം മധ്യ, വടക്കൻ ന്യൂസിലാൻഡിന്‍റെ ഒരു വലിയ പ്രദേശം നശിപ്പിച്ചതായി വിശ്വസിക്കപ്പെടുന്നു. 

എന്നിരുന്നാലും, അഗ്നിപർവ്വത മുന്നറിയിപ്പ് 1 ആയി ഉയർത്തുന്നത് ഇതാദ്യമായല്ല. നില ഉയർത്തിയിട്ടുണ്ടെങ്കിലും സ്ഫോടനത്തിനുള്ള സാധ്യത വളരെ കുറവാണെന്നും ഏജൻസി കൂട്ടിച്ചേർത്തു. “വരും ആഴ്ചകളിലും ചിലപ്പോൾ മാസങ്ങളിലും ഭൂകമ്പങ്ങൾ തുടരാൻ സാധ്യതയുണ്ട്,” റിപ്പോർട്ടിൽ പറയുന്നു. പസഫിക്, ഓസ്ട്രേലിയൻ ടെക്റ്റോണിക് പ്ലേറ്റുകൾ തമ്മിലുള്ള അതിർത്തിയിലാണ് ന്യൂസിലാൻഡ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് പതിവായി അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും അനുഭവപ്പെടാറുണ്ട്. 2019 ൽ, വക്കാരി എന്നറിയപ്പെടുന്ന വൈറ്റ് ഐലൻഡ് പെട്ടെന്ന് പൊട്ടിത്തെറിച്ചു. ഇതിനെ തുടർന്ന് ധാരാളം നീരാവിയും ചാരവും പുറത്തുവിടുകയും ചെയ്തു. അപകടത്തിൽ 22 പേർ കൊല്ലപ്പെടുകയും 25 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 
 

By newsten