Spread the love

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അലഹബാദ് ഉൾപ്പെടെ ഏഴ് നഗരങ്ങളുടെയും പട്ടണങ്ങളുടെയും പേര് മാറ്റാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ അറിയിച്ചു. ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പശ്ചിമ ബംഗാളിനെ ബംഗ്ല എന്ന് പുനർനാമകരണം ചെയ്യണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അലഹബാദ് നഗരത്തെ പ്രയാഗ്രാജ് എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) 2018 ഡിസംബർ 15 നും ആന്ധ്രാപ്രദേശിലെ രാജമണ്ട്രിയെ രാജമഹേന്ദ്രവാരം എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള എൻഒസിയും നൽകിയിരുന്നു. ഇത് 2017 ഓഗസ്റ്റ് 3ന് നൽകിയതാണെന്ന് റായ് കൂട്ടിച്ചേര്‍ത്തു. 2018 ഓഗസ്റ്റിൽ ജാര്‍ഖണ്ഡിലെ നഗര്‍ ഉംടാരിയ്ക്ക് പുതിയ നാമമായ ശ്രീ ബന്‍ഷിധാര്‍ നഗര്‍ നല്‍കാനുള്ള അനുമതി നൽകിയതായി റായ് കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ ബിർഷിംഗ്പൂർ പാലി, ഹോശംഗാബാദ് നഗര്‍, ബബായി എന്നീ നഗരങ്ങളെ യഥാക്രമം മാ ബിരാസിനി ധാം (2018), നര്‍മദാപുരം (2021), മഖന്‍നഗര്‍ (2021), എന്നും പഞ്ചാബിലെ ശ്രീ ഹര്‍ഗോബിന്ദ്പുര്‍ നഗരത്തെ ഹര്‍ഗോബിന്ദ്പുര്‍ സാഹിബ് (2022) എന്നും പുനര്‍നാമകരണം ചെയ്യാനുള്ള അനുമതിയും നല്‍കിയതായും മന്ത്രി അറിയിച്ചു.

By newsten