തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ബി.ആർക്ക് (ആർക്കിടെക്ചർ) പരീക്ഷയിൽ 58.11 ശതമാനം വിജയം. എട്ട് കോളേജുകളിൽ നിന്നായി 382 വിദ്യാർത്ഥികളാണ് പത്താം സെമസ്റ്റർ പരീക്ഷ എഴുതിയത്. സർവകലാശാലയിലെ രണ്ടാമത്തെ ആർക്കിടെക്ചർ ബാച്ചാണിത്. കോഴ്സിന്‍റെ കാലാവധിയായ അഞ്ച് വർഷത്തിനുള്ളിൽ തന്നെ ഫലം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണെന്ന് വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ പറഞ്ഞു.
തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജ് (81.08 ശതമാനം)ആണ് വിജയത്തിൽ മുന്നിൽ. കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജാണ് രണ്ടാം സ്ഥാനത്ത് (71.8 ശതമാനം). തിരുവനന്തപുരം കോളേജ് ഓഫ് ആർക്കിടെക്ചർ(60.38 ശതമാനം)മൂന്നാം സ്ഥാനത്തെത്തി.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ജസ്റ്റിൻ ഐസക് ജെയിംസ് 8.81 ഗ്രേഡോടെ ഒന്നാം റാങ്കും കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജിലെ അതുല്യ സിന്ധു 8.78 ഗ്രേഡോടെ രണ്ടാം റാങ്കും നേടി. തൃശ്ശൂർ ഗവ. എൻജിനിയറിങ് കോളേജിലെ റോഷ്നി പി.ആർ. 8.63 ഗ്രേഡോടെ മൂന്നാം റാങ്ക് നേടി.