ന്യൂഡല്‍ഹി: സാങ്കേതിക പ്രശ്നങ്ങൾ കാരണം മൂന്ന് അന്താരാഷ്ട്ര വിമാനങ്ങൾ 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ അടിയന്തര ലാൻഡിംഗ് നടത്തി. വെള്ളി,ശനി ദിവസങ്ങളിലായി കൊച്ചി, ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങളിലാണ് വിമാനങ്ങൾ ഇറങ്ങിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ഹൈഡ്രോളിക് തകരാറിനെ തുടർന്ന് എയർ അറേബ്യയുടെ ഷാർജ-കൊച്ചി വിമാനം അടിയന്തരമായി ഇറക്കി. ആഡിസ് അബാബയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള എത്യോപ്യൻ എയർലൈൻസ് വിമാനം കൊൽക്കത്തയിലും ശ്രീലങ്കൻ എയർലൈൻസ് വിമാനം ചെന്നൈയിലും ലാൻഡ് ചെയ്തു. മൂന്ന് സംഭവങ്ങളെക്കുറിച്ചും വിശദമായ അന്വേഷണത്തിന് ഡിജിസിഎ ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, സാങ്കേതിക തകരാർ കാരണം ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനം വഴിതിരിച്ചുവിടുകയും ഞായറാഴ്ച രാവിലെ പാകിസ്ഥാനിലെ കറാച്ചിയിൽ അടിയന്തരമായി ഇറക്കുകയും ചെയ്തു. മറ്റൊരു വിമാനം അയയ്ക്കുകയും യാത്രക്കാരെ ഹൈദരാബാദിലേക്ക് കൊണ്ടുവരികയും ചെയ്തു.