കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 329 കടുവകളാണ് ഇന്ത്യയിൽ ഇല്ലാതായത്. വേട്ടയാടൽ, വൈദ്യുതാഘാതം, ട്രെയിൻ അപകടങ്ങൾ, വിഷവസ്തുക്കൾ ഭക്ഷിക്കൽ എന്നിവ കാരണം 307 ആനകൾ ചരിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബെയാണ് ലോക്സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
2019ൽ 96 കടുവകളും 2020ൽ 106 കടുവകളും 2021ൽ 127 കടുവകളും ചത്തു. 68 കടുവകൾ സ്വാഭാവിക കാരണങ്ങളാലും അഞ്ച് കടുവകൾ അസ്വാഭാവിക കാരണങ്ങളാലും ചത്തപ്പോൾ 29 കടുവകളെ വേട്ടക്കാർ കൊന്നൊടുക്കി. ഇക്കാലയളവിൽ കടുവകളുടെ ആക്രമണത്തിൽ 125 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മഹാരാഷ്ട്രയിൽ 61 പേരും ഉത്തർപ്രദേശിൽ 25 പേരുമാണ് മരിച്ചത്. അതേസമയം, കടുവകളെ വേട്ടയാടുന്ന കേസുകൾ 2019ൽ 17 ആയിരുന്നത് 2021ൽ നാലായി കുറഞ്ഞു. ഒഡീഷയിൽ 41 ഉം തമിഴ്നാട്ടിൽ 34 ഉം അസമിൽ 33 ഉം ഉൾപ്പെടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്ത് 222 ആനകളാണ് ചത്തത്. ഒഡീഷയിൽ 12 ഉം പശ്ചിമബംഗാളിൽ 11 ഉം ഉൾപ്പെടെ 45 ആനകളാണ് ട്രെയിൻ അപകടങ്ങളിൽ ചരിഞ്ഞത്. 29 ആനകൾ വേട്ടയാടൽ കാരണം ചരിഞ്ഞു.