ചെന്നൈ: മ്യാൻമറിൽ സായുധ സംഘം ബന്ദികളാക്കിയ ഇന്ത്യക്കാരിൽ 16 പേരെ രക്ഷപ്പെടുത്തി തിരികെ എത്തിച്ചു. രക്ഷപ്പെട്ടവരിൽ 13 പേർ തമിഴ്നാട് സ്വദേശികളാണ്. പിടിയിലായവരെ അക്രമികൾ ക്രൂരമായ പീഡനത്തിനാണ് ഇരയാക്കുന്നതെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു. മലയാളികൾ ഉൾപ്പെടെ മുന്നൂറോളം പേരാണ് മ്യാൻമറിൽ തടങ്കലിൽ കഴിയുന്നത്.
മ്യാൻമറിൽ നിന്ന് വിമാനത്തിൽ ഡൽഹിയിൽ എത്തിച്ച 13 തമിഴ്നാട് സ്വദേശികളെ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചത്. മറ്റ് മൂന്ന് പേർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. തമിഴ്നാട് വഖഫ് പ്രവാസികാര്യ വകുപ്പ് മന്ത്രി സെഞ്ചി മസ്താൻ ഇവരെ സ്വീകരിച്ചു. തങ്ങൾ ബന്ദികളായിരിക്കെ ക്രൂരമായ പീഡനത്തിന് ഇരയായതായി രക്ഷപ്പെട്ടവർ പറഞ്ഞു. 16 മണിക്കൂർ വിശ്രമമില്ലാതെ ജോലി എടുപ്പിച്ചു. എതിർത്തവരെ ക്രൂരമായി മർദ്ദിക്കുകയും ഭക്ഷണം നിഷേധിക്കുകയും ചെയ്തു.
ഡാറ്റാ എൻട്രി ജോലിക്കെന്ന വ്യാജേന മ്യാൻമറിൽ എത്തിച്ച ഇവരെ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉപയോഗിക്കുകയായിരുന്നു. 30 മലയാളികൾ ഉൾപ്പെടെ മുന്നൂറോളം പേർ ഇപ്പോഴും സംഘത്തിന്‍റെ തടവിലാണ്. മ്യാൻമറിലെ മ്യാവാടിയിൽ തടവിലുണ്ടായിരുന്ന മൂന്ന് മലയാളികൾ ഉൾപ്പെടെ ആറ് പേരെ മ്യാൻമർ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് സ്റ്റേഷന് മുമ്പിൽ അക്രമിസംഘം ഇറക്കിവിട്ട ഇവരെ വീസ നിയമങ്ങൾ ലംഘിച്ചു എന്ന പേരിലാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഇപ്പോഴത്തെ നിലയെന്തെന്ന കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.