കോഴിക്കോട്: 13 വയസുകാരിയെ മയക്കുമരുന്ന് നൽകി ക്യാരിയർ ആയി ഉപയോഗിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് എക്സൈസ് മന്ത്രി. സംഭവത്തിൽ ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകി. അഴിയൂരിലെ സ്കൂളിലും എക്സൈസ് വകുപ്പ് ഇന്ന് പരിശോധന നടത്തും.
കഴിഞ്ഞ ദിവസമാണ് അഴിയൂരിലെ സ്കൂളിലെ എട്ടാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്. ലഹരി ചേർത്ത ബിസ്കറ്റ് ആദ്യം നൽകി. പിന്നീട്, തനിക്ക് ഇൻജക്ഷൻ അടക്കം നൽകുകയും മയക്കുമരുന്നിന് അടിമയാക്കുകയും ശേഷം മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുകയും ചെയ്തുവെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. തന്നെപ്പോലെ വേറെയും ഒരുപാട് പേരുണ്ടെന്നും കുട്ടി പറഞ്ഞിരുന്നു.
അഴിയൂർ സ്വദേശിയായ യുവാവിനെ തനിക്ക് മയക്കുമരുന്ന് നൽകി മയക്കു മരുന്ന് കടത്താൻ പ്രേരിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും പിന്നീട് വിട്ടയച്ചു. ഇയാൾക്കെതിരെ തെളിവില്ലാത്തതിനാലാണ് യുവാവിനെ വിട്ടയച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും സംഭവത്തിൽ മയക്കുമരുന്ന് മാഫിയയ്ക്ക് പങ്കുണ്ടെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ചോമ്പാല പൊലീസിന് സംഭവത്തിൽ വീഴ്ച പറ്റിയെന്നു കാട്ടി പെൺകുട്ടിയുടെ അമ്മ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത്.