റിയാദിൽ 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയ്ക്ക് ഒടുവിൽ യൂസഫും യാസിനും വേർപിരിഞ്ഞു. അവർ ഇനി രണ്ട് ശരീരങ്ങളായി ജീവിക്കും. യമൻ പൗരനായ മുഹമ്മദ് അബ്ദുൾ റഹ്മാൻറെ മക്കളായ യൂസഫ്, യാസിൻ എന്നിവർ ഒട്ടിച്ഛേർന്ന നിലയിലാണ് ജനിച്ചത്. ഇതാണ് ശസ്ത്രക്രിയയിലൂടെ വേർപെടുത്തിയത്.
സൗദി ഭരണാധികാരി സൽമാൻ രാജാവിൻറെ നിർദ്ദേശപ്രകാരം റിയാദിലെ നാഷണൽ ഗാർഡിൻ കീഴിലുള്ള കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്. റോയൽ കോർട്ട് അഡ്വൈസറും കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ സൂപ്പർ ജനറലുമായ ഡോ. അബ്ദുല്ല അൽ റാബിയയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കുട്ടികളിൽ ഏറ്റവും സങ്കീർണ്ണമായ വേർപിരിയൽ ശസ്ത്രക്രിയ നടത്തിയത്.
പീഡിയാട്രിക് ൻയൂറോ സർജറി, പ്ലാസ്റ്റിക് സർജറി, അനസ്തീഷ്യ എന്നിവയിൽ 24 സ്പെഷ്യലിസ്റ്റുകൾ ശസ്ത്രക്രിയയ്ക്കൊപ്പം ഉണ്ടായിരുന്നു. തുടർച്ചയായി 15 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ മുതസീം അൽ സൗബിയുടെ നേതൃത്വത്തിൽ നഴ്സിംഗ്, ടെക്നീഷ്യൻമാർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് നടത്തിയത്. രക്തസ്രാവം വർദ്ധിച്ചതിനാൽ യാസിൻ ചില ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.