ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന പരമ്പരകളിലൊന്നാണ് മണി ഹെയ്സ്റ്റ്. മണി ഹെയ്സ്റ്റിന്റെ കൊറിയൻ പതിപ്പ് പുറത്തിറങ്ങുകയാണ്. ‘മണി ഹെയ്സ്റ്റ്: കൊറിയ – ജോയിന്റ് ഇക്കോണമി ഏരിയ’ എന്ന് പേരിട്ടിരിക്കുന്ന പരമ്പരയുടെ ട്രെയിലർ പുറത്തിറങ്ങി. നെറ്റ്ഫ്ലിക്സിലൂടെയാണ് സീരീസ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
കൊറിയയുടെ സാമ്പത്തിക പ്രശ്നങ്ങളുടെയും അതിൽ സാധാരണക്കാർ നേരിടുന്ന പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ നടക്കുന്ന വൻ കൊള്ളയാണ് പ്രമേയം. നടനും മോഡലും ചലച്ചിത്ര നിർമ്മാതാവുമായ യു ജി ടേയാണ് പ്രധാന കഥാപാത്രമായ പ്രൊഫസർ വേഷമിടുന്നത്. മണി ഹെയ്സ്റ്റിന്റെ കൊറിയൻ പതിപ്പിൽ നെറ്റ്ഫ്ലിക്സിന്റെ ഹിറ്റ് സീരീസായ സ്ക്വിഡ് ഗെയിമിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പാർക്ക് ഹേ-സോയും അവതരിപ്പിക്കും.
മണി ഹെയ്സ്റ്റിലെ പ്രശസ്തമായ സാൽവഡോർ ഡാലി മാസ്കുകൾക്ക് പകരം ഹാഹോ മാസ്കുകൾ കൊറിയൻ സീരീസിൽ അവതരിപ്പിക്കും. കൊറിയൻ പതിപ്പ് സംവിധാനം ചെയ്യുന്നത് കിം ഹോങ് സോണാണ്. ജൂൺ 24 മുതൽ പരമ്പര സ്ട്രീമിംഗ് ആരംഭിക്കും.