കൊൽക്കത്ത: ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് 2022 ഇന്ത്യ മഹാരാജാസും വേൾഡ് ജയന്‍റ്സും തമ്മിലുള്ള മത്സരത്തോടെയാണ് ആരംഭിച്ചത്. ആറ് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ മഹാരാജാസ് മികച്ച തുടക്കം കുറിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വേൾഡ് ജയന്‍റ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. വേൾഡ് ജയന്‍റ്സിന്‍റെ അയർലൻഡിന്‍റെ കെവിൻ ഒബ്രിയാൻ 31 പന്തിൽ 52 റണ്സ് നേടി. മഹാരാജാസിന് വേണ്ടി പങ്കജ് സിംഗ് അഞ്ച് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. യൂസഫ് പഠാൻ്റെയും ഇർഫാൻ പഠാന്‍റെയും പ്രകടനമാണ് ഇന്ത്യൻ മഹാരാജാസിന്‍റെ മറുപടി ബാറ്റിംഗിൻ്റെ നട്ടെല്ല്. യൂസഫ് പഠാൻ, തൻമയ് ശ്രീവാസ്തവ എന്നിവരുടെ ബാറ്റിംഗാണ് സെവാഗിനെ ആദ്യ ഓവറിൽ തന്നെ നഷ്ടമായ ശേഷം മഹാരാജാസ് കരകയറാൻ സഹായിച്ചത്. യൂസഫ് 35 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്നു. അഞ്ച് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു യൂസഫിന്‍റെ ഇന്നിങ്സ്.
ശ്രീവാസ്തവ 39 പന്തിൽ നിന്ന് 54 റൺസ് നേടി. ഒരു വശത്ത് യൂസഫ് പഠാൻ അർധസെഞ്ചുറി നേടിയപ്പോൾ സഹോദരൻ ഇർഫാൻ പഠാനാണ് കളി ജയിക്കാൻ സഹായിച്ചത്. ടി20 ശൈലിയിൽ ഒമ്പത് പന്തിൽ 20 റൺസ് ആണ് ഇർഫാൻ നേടിയത്. മൂന്ന് സിക്സറുകളാണ് അദ്ദേഹം അടിച്ചത്. ഇരുവരും പുറത്താകാതെനിന്നതോടെ 18.4 ഓവറിൽ ഇന്ത്യ മഹാരാജാസ് ജയമുറപ്പിച്ചു. 17.1 ഓവറിൽ 175/4 എന്ന നിലയിലാണ് ഇർഫാൻ യൂസഫിനൊപ്പം ചേർന്നത്.