ദോഹ: ഫിഫ ലോകകപ്പ് സമയത്ത് ഖത്തർ വിമാനത്താവളങ്ങൾ വഴി കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണം 7 ദശലക്ഷത്തിലധികം ആകുമെന്ന് റിപ്പോർട്ട്. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ ലോകകപ്പ് നടക്കുക.
നവംബർ-ഡിസംബർ മാസങ്ങളിൽ രാജ്യത്ത് എത്തുന്ന യാത്രക്കാരുടെ എണ്ണം, രാജ്യം വിടുന്നവരുടെ എണ്ണം, ട്രാൻസിറ്റ് ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലെയും യാത്രക്കാരുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയാണ് 70 ലക്ഷത്തിലധികം എന്ന വിലയിരുത്തൽ.
ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻറിന്റെ റിപ്പോർട്ടിലാണ് ലോകകപ്പിൽ യാത്രക്കാരുടെ പ്രതീക്ഷിക്കുന്ന എണ്ണം വിശദീകരിച്ചത്. ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് ലോകകപ്പിനെത്തുന്നവരെ സ്വീകരിക്കുക. ഏകദേശം 28,000 പാസഞ്ചർ, ചാർട്ടേഡ് വിമാനങ്ങൾ രണ്ട് വിമാനത്താവളങ്ങളിലും എത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു.