ചെന്നൈ : ചെന്നൈയിൽ 15 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ് 35 കാരിയായ യുവതി. യുവതിക്ക് വിഷാദവും ഉറക്കത്തിൽ എഴുന്നേറ്റ് നടക്കാനുള്ള പ്രവണതയുമുണ്ട്. തിങ്കളാഴ്ച രാവിലെ ഉറക്കത്തിൽ ഉണർന്ന യുവതി സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് സമീപത്തെ എടിഎമ്മിനുള്ളിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് ആഭരണങ്ങൾ കണ്ടെടുത്തത്. ബാഗിനുള്ളിൽ 43 പവൻ സ്വർണമാണ് ഉണ്ടായിരുന്നത്.
കാഞ്ചീപുരം ജില്ലയിലെ കുന്ദ്രത്തൂർ മുരുകൻ ക്ഷേത്രത്തിലേക്കുള്ള റോഡിൽ ഒരു സ്വകാര്യ ബാങ്കും എടിഎം കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്. ജൂലൈ അഞ്ചിന് രാവിലെ ഒരു സ്വകാര്യ ബാങ്കിലെ സെക്യൂരിറ്റി ഗാർഡ് എടിഎം പരിസരത്ത് എത്തിയപ്പോൾ ഒരു തുകൽ ഹാൻഡ് ബാഗ് ചവറ്റുകുട്ടയിൽ കിടക്കുന്നത് കണ്ടു. ബാഗ് തുറന്നപ്പോൾ അതിനുള്ളിലെ ആഭരണങ്ങൾ കണ്ട് അദ്ദേഹം ഞെട്ടിപ്പോയി. ഉടൻ തന്നെ ബാങ്ക് മാനേജരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുന്ദ്രത്തൂർ പൊലീസിൽ വിവരം അറിയിക്കുകയും കുന്ദ്രത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഇതേതുടർന്ന് ഇൻസ്പെക്ടർ ചന്ദ്രുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ആഭരണങ്ങൾ ശേഖരിച്ചു. തുടർന്ന് അത് ആരുടേതാണെന്ന് കണ്ടെത്താൻ ഒരു തിരച്ചിൽ നടന്നു.
എ.ടി.എം സെന്‍ററിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഒരു സ്ത്രീ അകത്തുകയറി ബാഗ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് പൊലീസ് കണ്ടു. അതേസമയം, പുലർച്ചെ നാല് മണി മുതൽ മകളെ വീട്ടിൽ നിന്ന് കാണാനില്ലെന്ന് യുവതിയുടെ മാതാപിതാക്കൾ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ രാവിലെ ഏഴ് മണിയോടെ മകൾ വീട്ടിൽ തിരിച്ചെത്തിയെന്നാണ് ദമ്പതികളുടെ വാദം. സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ യുവതിയുടെ മാതാപിതാക്കൾക്ക് കാണിച്ചുകൊടുത്തു. ഇതോടെയാണ് മകളെയാണ് ഇതിൽ കണ്ടതെന്ന് ഇവർ സ്ഥിരീകരിച്ചത്. ഇരുവരും ഒരുപോലെയാണെന്ന് മനസിലാക്കിയ പൊലീസ് വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ദമ്പതികളോട് ആവശ്യപ്പെടുകയായിരുന്നു.