കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയിൽ നിന്ന് പിൻമാറുന്നതായി സംവിധായിക വിധു വിൻസെന്‍റ് അറിയിച്ചു. സംവിധായിക കുഞ്ഞില മാസിലാമണിയുടെ ചിത്രം നിരസിച്ചതിൽ പ്രതിഷേധിച്ചാണ് നടപടിയെന്നും വിധു പറഞ്ഞു.
ചലച്ചിത്ര മേളയിൽ സിനിമകൾ ഉൾപ്പെടുത്തുന്നതിനുള്ള മാനദണ്ഡം സംബന്ധിച്ച് കുഞ്ഞില ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തമാണ്. പ്രതിഷേധിച്ചതിന് അവരെ അറസ്റ്റ് ചെയ്യുകയും നീക്കം ചെയ്യുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നത് പോലുള്ള നടപടികൾ ഇത്തരം മേളകൾക്ക് ഒട്ടും നല്ലതല്ലെന്ന് വിധു എഴുതി. മേളയിൽ വനിതാ ഡയറക്ടർമാർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്നും കുറിപ്പിൽ ആരോപിക്കുന്നു.
“വനിതാ മേളയിൽ നിന്ന് എന്‍റെ ചിത്രം പിൻ വലിക്കുകയാണ്. ശ്രീ എൻ.എം ബാദുഷ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത ‘വൈറൽ സെബി’ എന്ന ചിത്രം ജൂലൈ 17 ന് രാത്രി 10 മണിക്ക് കോഴിക്കോട് ശ്രീ തിയേറ്ററിൽ പ്രദർശിപ്പിക്കുമെന്ന് ഞാൻ നേരത്തെ ഒരു പോസ്റ്റിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. വനിതാ മേളയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന ചില നിർഭാഗ്യകരമായ സംഭവങ്ങളെത്തുടർന്ന്, എന്‍റെ സിനിമ വനിതാ മേളയിൽ നിന്ന് പിൻ വലിക്കുകയാണെന്ന് ഞാൻ ഇതിനാൽ അറിയിക്കുന്നു. ഇക്കാര്യം ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്”. വിധു ഫെയ്സ്ബുക്കിൽ കുറിച്ചു.