ജിദ്ദ: കടുത്ത ചൂടിൽ ഉച്ചവെയിലത്ത് ജോലി ചെയ്യുന്നവർക്കുള്ള വിലക്ക് സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു. ഇപ്പോൾ തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിക്കുന്നത് ശിക്ഷാർഹമാണ്. മൂന്ന് മാസത്തേക്കാണ് ഈ നിയമം.
ജൂൺ 15 ബുധനാഴ്ച മുതൽ സെപ്റ്റംബർ 15 വരെ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ ഉണ്ടാകും. സൗദി സമയം ഉച്ചയ്ക്ക് 12 മണിക്കും 3 മണിക്കും ഇടയിൽ തൊഴിലാളികൾക്ക് വെയിലത്ത് ജോലി ചെയ്യുന്നതിനു വിലക്കുണ്ട്. അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളികൾക്കും പെട്രോൾ, ഗ്യാസ് മേഖലകളിലെ തൊഴിലാളികൾക്കും ഉച്ച നിരോധന നിയമം ബാധകമല്ല. സൂര്യാഘാതം കുറയ്ക്കുന്നതിനു ഈ മൂന്ന് വിഭാഗങ്ങളിലൊഴികെയുള്ള തൊഴിലാളികൾക്ക് സംരക്ഷണം നൽകേണ്ടത് അതത് തൊഴിലുടമകളുടെ കടമയാണ്.
നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്ക് ഒരു തൊഴിലാളിക്ക് 3,000 റിയാൽ പിഴ ചുമത്തും. മറ്റ് ഗൾഫ് ഇതര രാജ്യങ്ങളിലേത് പോലെയാണ്, സൗദി അറേബ്യ സാധാരണയായി ചൂടുള്ള സീസണിൽ ഉച്ചവിശ്രമം നൽകുന്ന നിയമം നടപ്പിലാക്കുന്നത്.