Spread the love

ഗോതമ്പ് കയറ്റുമതിക്കുള്ള വിലക്ക് ഉടൻ നീക്കാൻ ഇന്ത്യക്ക് പദ്ധതിയില്ലെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയൽ. എങ്കിലും മറ്റ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള കയറ്റുമതി ഇടപാടുകൾ തുടരും. ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദകരായ ഇന്ത്യ മെയ് 14 നു ആഭ്യന്തര വിപണികളിൽ ഗോതമ്പിന്റെ വില വർദ്ധനവു കാരണം ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ചിരുന്നു. യുക്രൈൻ-റഷ്യ യുദ്ധം ആരംഭിച്ചതോടെ, ആഗോള വിപണിയിൽ ഗോതമ്പിന്റെ ക്ഷാമം ഉണ്ടായി. ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചതോടെ ആഗോള വിപണിയിൽ ഗോതമ്പിന്റെ വിലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. “നിലവിൽ ലോകത്ത് അസ്ഥിരതയുണ്ട്, ഇപ്പോൾ നിരോധനം പിൻവലിച്ചാൽ, അത് കരിഞ്ചന്തക്കാരെയും പൂഴ്ത്തിവയ്പ്പുകാരെയും മാത്രമേ സഹായിക്കൂ, അത് ആവശ്യമുള്ള രാജ്യങ്ങളെ സഹായിക്കില്ല,” അദ്ദേഹം പറഞ്ഞു. ഗോതമ്പ് കയറ്റുമതി നിരോധിച്ചതിനു പിന്നിലെ കാരണത്തെക്കുറിച്ച് ലോകവ്യാപാര സംഘടനയെയും അന്താരാഷ്ട്ര നാണയ നിധിയെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേൾഡ് ഇക്കണോമിക് ഫോറത്തിൻ നൽകിയ അഭിമുഖത്തിലാണ് ഗോയൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധനത്തിനെതിരെ ജി 7 രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. യുഎസ് കാർഷിക സെക്രട്ടറി ടോം വിൽസാക്ക് ഇന്ത്യയുടെ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചു.

By newsten