വിവാദങ്ങൾക്കിടെ പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ ശ്രീനാഥ് ഭാസി. ‘നമുക്ക് കോടതിയിൽ കാണാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. കോടതിയിൽ ഗൗരവ ഭാവത്തിൽ നിൽക്കുന്ന ശ്രീനാഥ് ഭാസിയെയാണ് പോസ്റ്ററിൽ കാണുന്നത്. സഞ്ജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടി.
ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനിടെ അപമര്യാദയായി പെരുമാറി എന്ന് ഓൺലൈൻ അവതാരക പരാതിയുമായി എത്തിയതോടെ ശ്രീനാഥ് ഭാസി വിവാദത്തിലായിരുന്നു. താരത്തെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പ്രൊഡ്യുസേഴ്സ് അസോസിയേഷൻ ശ്രീനാഥിനെ താൽക്കാലികമായി സിനിമയിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
മിശ്ര വിവാഹം കഴിച്ച ദമ്പതികൾക്ക് കുഞ്ഞ് ഉണ്ടായശേഷം അവരുടെ കുടുംബങ്ങൾക്ക് ഇടയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ പറയുന്ന ചിത്രമാണ് ‘നമുക്ക് കോടതിയിൽ കാണാം’. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിക്ക് അക്ബര്‍ അലിയാണ്. എംജിസി പ്രൈവറ്റ് ലിമിറ്റഡും ഹസീബ്സ് ഫിലിംസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്.