ലണ്ടന്‍: ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് കടുത്ത ക്രിക്കറ്റ് ഷെഡ്യൂളുകൾക്കെതിരെ രംഗത്തെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായാണ് സ്റ്റോക്സിന്‍റെ പ്രതികരണം. പെട്രോൾ ഒഴിച്ച് ഓടിക്കാൻ കഴിയുന്ന കാറുകളല്ല കളിക്കാരെന്ന് ബെൻ സ്റ്റോക്സ് പറഞ്ഞു.
ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 31-ാം വയസ്സിൽ ഏകദിനത്തിൽ നിന്ന് വിരമിക്കാനുള്ള സ്റ്റോക്സിന്‍റെ തീരുമാനം ചൂടേറിയ ചർച്ചാ വിഷയമായി. ഇടവേളയില്ലാത്ത ക്രിക്കറ്റ് ഷെഡ്യൂളുകളാണ് സ്റ്റോക്സിന്‍റെ വിരമിക്കലിലേയ്ക്ക് നയിച്ചതെന്ന വിമർശനം ശക്തമായിരുന്നു.
ഇതൊരിക്കലും എളുപ്പമായിരുന്നില്ല. എന്നാൽ ഇപ്പോൾ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയിൽ എനിക്ക് മുന്നിൽ ഒരുപാട് മത്സരങ്ങൾ ഉണ്ട്. ഇവിടെ എനിക്കെന്റെ ശരീരം നോക്കണം. കാരണം എനിക്ക് ക്രിക്കറ്റിൽ എത്രകാലം കൂടുതൽ തുടരാൻ കഴിയുമെന്നാണ് ഞാൻ നോക്കുന്നത്. ഞങ്ങൾ പെട്രോൾ ഉപയോഗിച്ച് ഓടിക്കാൻ കഴിയുന്ന കാറുകളല്ല, സ്റ്റോക്സ് പറഞ്ഞു.