നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു. നടിയുടെ ഹർജിക്ക് പിന്നിൽ രാഷ്ട്രീയ ശക്തികളുണ്ടെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വേളയിൽ ഇത്തരം പരാതികൾ ഉയരുന്നത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.
കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അന്തിമ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. മാത്രമല്ല, കേസിലെ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം എല്ലാവർക്കും അറിയാവുന്നതാണ്. ഞാൻ അത് ആവർത്തിക്കുന്നില്ല. പിണറായി വിജയൻ സർക്കാർ സത്യസന്ധമായും നീതിയുക്തമായും കേസന്വേഷണം നടത്തും.
നടിയുടെ ഹർജിയിൽ പറയുന്ന കാര്യങ്ങൾക്ക് വസ്തുതാപരമായ എന്തെങ്കിലും പിന്തുണയുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇതിൻ പിന്നിൽ ചില രാഷ്ട്രീയ ശക്തികളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലാത്ത പക്ഷം ഇന്നലെ വരെ ഇല്ലാതിരുന്ന ആരോപണം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാലത്ത് എങ്ങനെ ഉണ്ടായി? ഇതെല്ലാം മനപ്പൂർവ്വം കെട്ടിച്ചമച്ച ആരോപണമാണ്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൻ മുമ്പ് തന്നെ അതിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ബാലിശമാണ്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മറ്റെന്തെങ്കിലും താൽപ്പര്യങ്ങളുള്ള ഒരാളാണ് ഇവ ഉപയോഗിക്കുന്നതെന്നും ആൻറണി രാജു മാതൃഭൂമി ൻയൂസിനോട് പറഞ്ഞു.