Spread the love

തെലുങ്കാന : തെലുങ്ക് സിനിമാ വ്യവസായത്തെയാകെ നിശ്ചലമാക്കികൊണ്ട് തൊഴിലാളികളുടെ പണിമുടക്ക്. വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. 2,000 തൊഴിലാളികളുടെ പണിമുടക്ക് ഇന്ന് മുതൽ ആരംഭിച്ചു. വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തെലുങ്ക് ഫിലിം ഇൻഡസ്ട്രി എംപ്ലോയീസ് ഫെഡറേഷന് മുന്നിലാണ് സമരം സംഘടിപ്പിക്കുന്നത്. 24 സിനിമാ തൊഴിലാളി സംഘടനകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. പ്രഭാസിന്റെ സലാർ, ചിരഞ്ജീവിയുടെ വാൾട്ടർ വീരയ്യ, രാം ചരൺ-ശങ്കർ ചിത്രം എന്നിവയുൾപ്പെടെ നിരവധി സിനിമകളുടെ ഷൂട്ടിംഗ് പണിമുടക്ക് തടസ്സപ്പെടുത്തി.

തെലുങ്ക് ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ, ഫിലിം ഇൻഡസ്ട്രി എംപ്ലോയീസ് ഫെഡറേഷൻ എന്നിവയിൽ നിന്ന് വേതന വർദ്ധനവ് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നതാണ് ട്രേഡ് യൂണിയനുകൾ ഉയർത്തുന്ന പ്രശ്നം. ടോളിവുഡിൽ ഒരു സിനിമാ പ്രവർത്തകന് പ്രതിദിനം 500 മുതൽ 1,500 രൂപ വരെയാണ് പ്രതിഫലം ലഭിക്കുന്നത്. ഇത് ഉയർത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

അതേസമയം, നിർമ്മാതാക്കൾ തൊഴിലാളികൾക്ക് യഥാസമയം വേതനം നൽകുന്നില്ല. നിർമ്മാതാക്കളിൽ നിന്ന് പലർക്കും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് മറ്റൊരു ആക്ഷേപം. വേതനത്തിന്റെ കാര്യത്തിൽ സുതാര്യത ആവശ്യമാണ്. സിനിമയുടെ അവസാനത്തോടെ പണം നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

By newsten