ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോണിന്റെ സിഇഒ നിക്ക് റീഡ് പടിയിറങ്ങുന്നു. ഡിസംബർ അവസാനത്തോടെ അദ്ദേഹം കമ്പനി വിടും. ചീഫ് ഫിനാൻഷ്യൽ ഓഫീസർ മാർഗരിറ്റ ഡെല്ല വാലെ ഇടക്കാല സിഇഒ ആയി ചുമതലയേൽക്കുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. പദവി ഒഴിയാനുള്ള ഉചിതമായ സമയം ഇതാണെന്ന് റീഡ് പ്രസ്താവനയിൽ പറഞ്ഞു.
2018 ഒക്ടോബറിലാണ് റീഡ് വോഡഫോണിന്റെ സിഇഒ ആയി ചുമതലയേറ്റത്. വോഡഫോണിന്റെ ഓഹരി മൂല്യം കഴിഞ്ഞ 4 വർഷത്തിനിടെ 45 ശതമാനം ഇടിഞ്ഞു. നിക്ക് റീഡിന്റെ പ്രവർത്തനങ്ങളിൽ കമ്പനിയുടെ ബോർഡ് അസംതൃപ്തരായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വോഡഫോൺ കടുത്ത പ്രതിസന്ധിയിലാണ്. വോഡഫോണിന്റെ ഏറ്റവും വലിയ വിപണിയായ ജർമ്മനിയിൽ സ്ഥിതി കൂടുതൽ വഷളാണ്. സ്പെയിനിലും ഇറ്റലിയിലും കടുത്ത മത്സരമാണ് നേരിടുന്നത്. പുതിയ സിഇഒ ചുമതലയേൽക്കുന്നതോടെ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.