ഇസ്‍ലാമബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് തന്റെ ഉപദേശം ആവശ്യമില്ലെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. “വിരാട് കോഹ്ലി എന്തിനാണ് എന്റെ ഉപദേശം ശ്രദ്ധിക്കേണ്ടത്? വിരാട് കോഹ്ലിയുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ വളരെ വലുതാണ്. അതുകൊണ്ടു തന്നെ അദ്ദേഹം മികച്ച പ്രകടനം നടത്തണം” അദ്ദേഹം പറഞ്ഞു.
“വിരാട് കോലിയുടെ നിലവാരം വച്ചു നോക്കുമ്പോൾ നന്നായി ക്രിക്കറ്റ് കളിച്ചിട്ടുതന്നെ കുറേക്കാലമായി. ഇപ്പോഴത്തെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനു സ്ഥിരതയുണ്ട്. ഏഷ്യ കപ്പില്‍ മാത്രമല്ല ലോകകപ്പിലും പാക്കിസ്ഥാൻ നല്ല പ്രകടനം നടത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. താരങ്ങൾ ഫിറ്റായിരിക്കണം. കാരണം പാക്കിസ്ഥാന്റെ ബെഞ്ചിലിരിക്കുന്ന താരങ്ങൾക്ക് അത്ര മികവില്ല. പക്ഷേ ആദ്യമുള്ള 11–12 താരങ്ങൾ അതിശക്തരാണ്. ഇവർ നല്ല ഫലം കൊണ്ടുവരുമെന്നാണു പ്രതീക്ഷിക്കുന്നത്” ഷാഹിദ് അഫ്രീദി പറഞ്ഞു.
ഇന്ത്യൻ ടീമിന്‍റെ പ്രകടനത്തെക്കുറിച്ച് പ്രതികരിക്കാൻ അഫ്രീദി വിസമ്മതിച്ചു. ക്രിക്കറ്റിൽ മോശം ഫോമിലുള്ള വിരാട് കോഹ്ലിക്ക് വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്ക് തൊട്ടുമുമ്പ് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. സിംബാബ്‍വെയ്ക്കെതിരായ ഏകദിന പരമ്പരയിൽ കോഹ്ലി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.