അബുദാബി: വിക്രം സിനിമയുടെ വിജയത്തിൽ മലയാളികൾക്ക് നിർണായക പങ്കുണ്ടെന്ന് ഉലകനായകൻ കമൽഹാസൻ. തമിഴരെ പോലെയോ അതിലും കൂടുതലോ മലയാളികൾ തന്നെയും തന്റെ സിനിമകളെയും സ്നേഹിക്കുന്നു. കേരളത്തിലെ തിങ്ങിനിറഞ്ഞ സദസ്സിലാണ് ചിത്രം ഓടുന്നത്.
18-ാം വയസ് മുതൽ തനിക്ക് കിട്ടിത്തുടങ്ങിയ ഈ സ്നേഹവായ്പ് അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും മലയാളികളോട് താൻ ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷനായി യു.എ.ഇയിലെത്തിയ അദ്ദേഹം അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
“പ്രളയവും കൊവിഡും മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ച തന്നോട് മലയാളികൾ ആവശ്യപ്പെട്ടത് തമിഴ്നാട്ടിൽ വ്യവസായം മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ്”. അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള ഭക്ഷ്യോൽപന്നങ്ങൾ എത്തിയാൽ മാത്രമേ കേരളത്തിൽ വിശപ്പടക്കാൻ കഴിയൂ എന്ന് മലയാളികൾ തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം അനുസ്മരിച്ചു.