തമിഴ് സിനിമയിലെ ഹിറ്റ് സംവിധായകരിൽ ഒരാളാണ് അറ്റ്ലി. ‘തെരി’, ‘മെർസൽ’, ‘ബിഗിൽ’ തുടങ്ങിയ വിജയ് ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരനായ സംവിധായകൻ. ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് ചിത്രമായ ‘ജവാനാ’ണ് ഇപ്പോള്‍ അറ്റ്‍ലീ സംവിധാനം ചെയ്യുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അറ്റ്ലി വിജയിയുമായി വീണ്ടും ഒന്നിക്കുമെന്നാണ്.
300 കോടി ബജറ്റിൽ തെനണ്ടല്‍ ഫിലിംസ് ആയിരിക്കും ചിത്രം നിർമ്മിക്കുന്നത്. പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. വിജയ് ‘വരിശ്’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
മഹേഷ് ബാബു നായകനായ ‘മഹർഷി’യിലൂടെ 2019 ൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ സംവിധായകൻ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരിശ്’. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണിത്. വിജയ്, രശ്മിക മന്ദാന എന്നിവരെ കൂടാതെ ശരത് കുമാർ, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ 26ന് പ്രഖ്യാപിച്ച ഈ പ്രോജക്റ്റ് വിജയിയുടെ 66-ാമത്തെ ചിത്രമാണ്. ചിത്രം തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യും.