കൊച്ചി: വൈഎസ്ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ യുവൻ ശങ്കർ രാജയും ആർകെ സുരേഷിൻറെ സ്റ്റുഡിയോ 9ഉം ചേർന്ന് നിർമ്മിച്ച് സീനു രാമസാമി രചനയും സംവിധാനവും നിർവഹിച്ച തമിഴ് ചിത്രമാണ് ‘മാമനിതൻ’. വിജയ് സേതുപതിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതി നായകനായി അഭിനയിച്ച 96 ചിത്രവുമായി വൈകാരികമായി സാമ്യമുള്ള ഒരു കൊമേർഷ്യൽ ചിത്രമാണ് ‘മാമനിതൻ’. ഗായത്രി, കെപിഎസി ലളിത, ഗുരു സോമസുന്ദരം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രം ജൂൺ 24ന് പ്രദർശനത്തിനെത്തും.
ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായി എത്തുന്നത് ഗായത്രിയാണ്. ഇരുവരും ഒരുമിച്ചുള്ള എട്ടാമത്തെ ചിത്രമാണ് ഇത്. നടുവിലെ കൊഞ്ചം പക്കത്തെ കാണോം, റമ്മി, സീതാക്കാതി, പുരിയാത പുതിർ, ഒരു നല്ല നാളെ പാത്ത് സൊൽറേൻ തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നയൻതാര, വിജയ് സേതുപതി എന്നിവർ അഭിനയിച്ച ഇമൈക്ക നൊടികൾ എന്ന ചിത്രത്തിലെ ബാലതാരം മാനസ്വിയും ചിത്രത്തിലുണ്ട്. ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ധർമദുരൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സീനുരാമസാമിയും വിജയ് സേതുപതിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘മാമനിതൻ’. നിർമ്മാതാവ് ഷിബു തമീൻസിന്റെ ബാനറിൽ റിയ ഷിബുവിൻറെ എച്ച്ആർ പിക്ചേഴ്സാണ് കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ജൂൺ 18ന് വൈകിട്ട് കൊച്ചി ലുലു മാളിൽ നടക്കുന്ന പ്രമോഷൻ പരിപാടിയിൽ വിജയ് സേതുപതി, യുവൻ ശങ്കർ രാജ, ആർകെ സുരേഷ്, ഗായത്രി, സീനു രാമസ്വാമി എന്നിവർ പങ്കെടുക്കും.