കൊച്ചി : അമ്മയുടെ ജനറൽ സെക്രട്ടറി കൂടിയായ നടൻ ഇടവേള ബാബു അമ്മയിൽ നിന്ന് അവധിയെടുക്കാൻ ഒരുങ്ങുന്നു. സംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താൽക്കാലിക അവധിയെടുക്കാൻ ഇടവേള ബാബു തീരുമാനിച്ചു. എന്നാൽ അത്തരമൊരു തീരുമാനത്തിന്റെ ആവശ്യമില്ലെന്നാണ് പ്രസിഡന്റ് മോഹൻലാലും എക്സിക്യൂട്ടീവ് അംഗങ്ങളും പറയുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ വിജയ് ബാബു പങ്കെടുത്തത് പല അംഗങ്ങൾക്കിടയിലും കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരുന്നു. ‘വിജയ് ബാബുവിന്റെ മാസ് എൻട്രി’ എന്ന അടിക്കുറിപ്പോടെ എഎംഎംഎയുടെ യൂട്യൂബ് ചാനലിലാണ് വിജയ് ബാബു യോഗത്തിന് വരുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്. ഇതിൽ യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്നവരെ മോഹൻലാൽ വിളിച്ചു വരുത്തി യോഗത്തിൽ ശകാരിച്ചു. ആരാണ് അതിന് അധികാരം നൽകിയത് എന്ന ചോദ്യവും ഉയർന്നു. ഇടവേള ബാബുവാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും ആരോപണമുയർന്നിരുന്നു. ഇതേ തുടർന്നാണ് ഇടവേള ബാബു അവധിയെടുക്കാൻ തീരുമാനിച്ചത്.
ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ വിജയ് ബാബു പങ്കെടുത്തതിൽ മോഹൻലാൽ അതൃപ്തി പ്രകടിപ്പിച്ചു. യോഗത്തിന് വരാമെന്ന് വിജയ് ബാബു പറഞ്ഞപ്പോൾ മാറിനിൽക്കാൻ പറയാമായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. വിജയ് ബാബുവിനെ യോഗത്തിലേക്ക് കൊണ്ടുവന്നതാണ് ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടതെന്നും ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. യൂട്യൂബ് ഉള്ളടക്കം നിയന്ത്രിക്കാനുള്ള ചുമതല ബാബുരാജിനെ പ്രവർത്തക സമിതിയെ ഏൽപ്പിച്ചിട്ടുണ്ട്.