കൊച്ചി: സ്ത്രീയെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ച കേസിൽ വ്ലോഗർ സൂരജ് പാലാക്കാരന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. അതിജീവതയെ കേസിൽ കക്ഷിയാക്കിയിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി സൂരജ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ആരോഗ്യമന്ത്രിയുടെ അശ്ലീല വിഡിയോ വ്യാജമായി നിർമിക്കാൻ ക്രൈം നന്ദകുമാർ നിർബന്ധിച്ചെന്നു കാണിച്ചു പരാതി നൽകിയ യുവതിയെ മോശമായി ചിത്രീകരിച്ചു വിഡിയോ നിർമിച്ചു എന്നാണ് സൂരജ് പാലാക്കാരനെതിരായ കേസ്. എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതി പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.