ഖത്തർ: ഫിഫ ലോകകപ്പിൽ യുറഗ്വായും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണു നടന്നത്. യുറഗ്വായും കൊറിയയും തമ്മിലുള്ള കണക്കുകളിൽ പന്തടക്കത്തിലും പാസുകളിലും മാത്രമാണ് നേരിയ വ്യത്യാസമുള്ളത്.
മത്സരത്തിന്‍റെ ആദ്യ മിനിറ്റുകളിൽ ദക്ഷിണ കൊറിയയാണ് കളി നിയന്ത്രിച്ചത്. മന്ദഗതിയിലാണ് യുറഗ്വാ മത്സരം ആരംഭിച്ചത്. 9–ാം മിനിറ്റിൽ ദക്ഷിണകൊറിയയുടെ മൂൺ ഹ്വാൻ നൽകിയ ക്രോസ് യുറഗ്വായ് പ്രതിരോധ താരം ജോസ് ജിമിനസ് ഹെഡ് ചെയ്തു തട്ടിയകറ്റി. ആദ്യ 15 മിനിറ്റിന് ശേഷം യുറഗ്വായും ആക്രമണം തുടങ്ങി. യുറഗ്വായ് താരം ഡാർവിൻ നുനെസ് ദക്ഷിണ കൊറിയൻ ബോക്സിനുള്ളിൽ മാറ്റിയാസ് വെസിനോയെ പാസ് നൽകാൻ ശ്രമിച്ചെങ്കിലും കൊറിയൻ ഗോൾകീപ്പർ സ്യൂങ് ഗ്യൂവിന് ഭീഷണി ഉയർത്താനായില്ല.