വാഷിങ്ടൻ: ടെസ്‌ലയുടെ സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് കമ്പനിയിലെ 4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വിറ്റു. ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള പണ സമാഹരണത്തിന്റെ ഭാഗമായാണ് മസ്‌കിന്റെ ഓഹരി വിറ്റഴിക്കല്‍. ഇതോടെ ടെസ്‌ലയുടെ ഓഹരികള്‍ വിറ്റുമാത്രം ഇലോണ്‍ മസ്‌ക് 20 ബില്യണ്‍ ഡോളറാണ് സമാഹരിച്ചത്. കമ്പനിയുടെ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്.
3.95 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഇത്തവണ 1.95 കോടി ഓഹരികളാണ് അദ്ദേഹം കയ്യൊഴിഞ്ഞത്. ട്വിറ്റര്‍ ഇടപാടിനായി ഈ തുകയ്ക്കുപുറമെ മസ്‌കിന് മൂന്നു ബില്യണ്‍ ഡോളര്‍കൂടി കണ്ടെത്തേണ്ടിവരും.
മാസങ്ങൾ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിൽ 3.62 ലക്ഷം കോടി രൂപയ്ക്കാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. തുടക്കത്തിൽ കമ്പനി വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച മസ്ക് പിന്നീട് വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിയാൻ ശ്രമിച്ചു. ട്വിറ്ററും മസ്കും തമ്മിലുള്ള നിയമപോരാട്ടത്തിനൊടുവിലാണ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്.
ടെസ്ലയുടെ വിപണി മൂല്യം കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് എലോൺ മസ്കിന്‍റെ ആസ്തി 200 ബില്യൺ ഡോളറിൽ താഴെയായി. ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് മസ്കിന്‍റെ ആസ്തി 194.8 ബില്യൺ ഡോളറാണ്. വിപണി മൂല്യത്തിലെ ഇടിവ് കാരണം മസ്കിന് ഒറ്റയടിക്ക് 70 ബില്യൺ ഡോളർ നഷ്ടമായി. ഏപ്രിലിൽ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ടെസ്ലയുടെ വിപണി മൂല്യം കുറയാൻ തുടങ്ങിയത്.