തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൻറെ പരസ്യപ്രചാരണം നാളെ അവസാനിക്കും. കൊട്ടിക്കലാശം മികച്ചതാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. അവസാന വോട്ട് ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. എൽഡിഎഫിന് വേണ്ടി കോടിയേരി ബാലകൃഷ്ണനും യുഡിഎഫിന് വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എൻഡിഎയ്ക്ക് വേണ്ടി സുരേഷ് ഗോപിയും കേന്ദ്രമന്ത്രി വി.മുരളീധരനും ഇന്ന് മണ്ഡലത്തിലെത്തും.
വിവിധ വിഷയങ്ങളിൽ നേതാക്കളുടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഇന്നും തുടരും. അതേസമയം അടിയൊഴുക്കുണ്ടാകുമെന്ന പ്രതീക്ഷയും ആശങ്കയുമാണ് മുന്നണികൾക്കുള്ളത്. കാലങ്ങളായി കോണ്‍ഗ്രസിനൊപ്പമുള്ള വോട്ടുകൾ ഇടത് വോട്ടുകൾക്കൊപ്പം വിഭജിച്ച് മുസ്ലിം ൻയൂനപക്ഷ വോട്ടുകൾ ഏകീകരിക്കുകയും ട്വൻറി 20 വോട്ടുകളിൽ ഒരു വിഭാഗം പിടിച്ചെടുക്കുകയുമാണ് ഇടതുപക്ഷത്തിൻറെ തന്ത്രം. ഇത് ഉറപ്പാക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മുന്നണി. കോടിയേരി ബാലകൃഷ്ണൻ, ഇ പി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളും വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, ആൻറണി രാജു തുടങ്ങിയ മന്ത്രിമാരും ഇന്ന് പ്രചാരണത്തിൻ നേതൃത്വം നൽകും.
യു.ഡി.എഫിനായി കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം തൃക്കാക്കരയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അഭിമാനപ്പോരാട്ടത്തിൽ ഉമാ തോമസിൻ അയ്യായിരമോ അതിൽ താഴെയോ വോട്ടിൻറെ ഭൂരിപക്ഷം ലഭിച്ചാൽ അത് വിജയമായി പോലും കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കാൻ യു.ഡി.എഫ് ക്യാമ്പ് കിണഞ്ഞു പരിശ്രമിക്കുകയാണ്. ഓരോ വോട്ടും വീടുവീടാന്തരം കയറിയിറങ്ങി വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കുന്നു. ഇതിനായി മുതിർന്ന നേതാക്കൾ രംഗത്തുണ്ട്.