സിനിമയെ വിമർശിക്കുന്നവർ സിനിമയെന്ന മാധ്യമത്തെ കൂടുതല്‍ അറിയേണ്ടതും പഠിക്കേണ്ടതും ആവശ്യമാണെന്ന് സംവിധായിക അഞ്ജലി മേനോന്. സിനിമയുടെ എഡിറ്റിംഗ് പോലെയുള്ള സാങ്കേതികമായ കാര്യങ്ങളെ കുറിച്ചൊന്നും ധാരണയില്ലാത്ത ആളുകൾ അതേ കുറിച്ചൊക്കെ പറയുന്നത് കാണുമ്പോൾ തനിക്ക് ചിരിയാണ് വരുന്നതെന്നും അഞ്ജലി മേനോൻ പറഞ്ഞു
നല്ല വിമർശനങ്ങൾ വേണമെന്നും, അതിനെ എന്നും സ്വീകരിക്കുമെന്നും അഞ്ജലി പറഞ്ഞു. എന്നാൽ സിനിമ എങ്ങനെ ഉണ്ടാക്കുന്നു എന്ന പ്രക്രിയയെ കുറിച്ച്, അല്പമെങ്കിലും പഠിക്കുകയും അറിവുണ്ടാക്കുകയും ചെയ്തിട്ട് വേണം സിനിമയെ വിമർശിക്കാനോ അതിനെ നിരൂപണം ചെയ്യാനോ ശ്രമിക്കേണ്ടതെന്ന് അഞ്ജലി സൂചിപ്പിച്ചു.
“പലപ്പോഴും നിരൂപകര്‍ക്ക് സിനിമയുടെ സാങ്കേതികതയെപ്പറ്റി അറിവുണ്ടാകില്ല. അത് അറിയേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ഒരു സിനിമ എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന്. എനിക്ക് ഏറ്റവും ചിരി വരാറുള്ളത് സിനിമയ്ക്ക് ലാഗ് ഉണ്ട് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോഴാണ്. എന്താണ് അത്? എഡിറ്റിംഗ് എന്ന പ്രക്രിയ എന്താണ്? അത് ആദ്യം കുറച്ചെങ്കിലും ഒന്ന് അറിഞ്ഞിരിക്കണം, ഇങ്ങനെയുള്ള അഭിപ്രായം പറയുന്നതിന് മുന്‍പേ. ഒരു സിനിമയുടെ പേസ് എന്തായിരിക്കണമെന്ന് ഒരു ഡയറക്ടര്‍ തീരുമാനിച്ചിട്ടുണ്ടാവുമല്ലോ. ഒരു ബന്ധവുമില്ലാത്ത രണ്ട് സിനിമകള്‍ താരതമ്യം ചെയ്തിട്ടൊക്കെ ഇവര്‍ സംസാരിക്കും. അത് അങ്ങനെയല്ല വേണ്ടത്. നല്ല നിരൂപണങ്ങള്‍ എനിക്ക് ഇഷ്ടമാണ്. അത് വളരെ പ്രധാനമാണ്. സിനിമാ നിരൂപണം എന്നത് ഞങ്ങള്‍ക്കൊക്കെ പഠിക്കാനുള്ള ഒരു വിഷയമായിരുന്നു. പക്ഷേ സിനിമയെന്ന മാധ്യമത്തെ മനസിലാക്കുക പ്രധാനമാണ്. നിരൂപണം നടത്തുന്ന ആളുകള്‍ സിനിമ എന്തെന്ന് കുറച്ചുകൂടി മനസിലാക്കിയിട്ട് സംസാരിക്കുകയാണെങ്കില്‍ അത് എല്ലാവര്ക്കും ഗുണം ചെയ്യും.” അഞ്ജലി മേനോൻ വിശദീകരിച്ചു.