കർണാടക : രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകൾ ഒരു സാധാരണ സംഭവമാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി, ഒരു പോത്തിനെ മുഖ്യാതിഥിയാക്കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ? സംഭവം സത്യമാണ്, കർണാടകയിലെ ഗഡാഗ് ജില്ലയിലെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം ഒരു പോത്ത് ഉദ്ഘാടനം ചെയ്തു. പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നു ഈ അതുല്യമായ ചടങ്ങ്.
ബസ് കാത്തിരിപ്പ് കേന്ദ്രം ബലേഹോസൂർ ഗ്രാമവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. 40 വർഷം മുമ്പ് നിർമിച്ച കേന്ദ്രം തകരുകയും ചെയ്തു. ഇതോടെ മഴക്കാലത്ത് ബസ് സർവീസുകളെ ആശ്രയിക്കുന്ന സ്കൂൾ കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും കാര്യങ്ങൾ കൂടുതൽ ദുഷ്കരമായി. അധികൃതരോട് പലതവണ അഭ്യർത്ഥിച്ചിട്ടും ഫലമുണ്ടായില്ല. അപ്പോഴാണ് അധികാരികളുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി ഇത്തരമൊരു പ്രതിഷേധം നടത്താൻ ഗ്രാമവാസികളെ പ്രേരിപ്പിച്ചത്.
ഗ്രാമവാസികൾ പണം സ്വരൂപിക്കാൻ തീരുമാനിക്കുകയും തെങ്ങിൻ തണ്ടുകൾ കൊണ്ട് താൽക്കാലിക ഷെൽട്ടർ നിർമ്മിക്കുകയും ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ ഒരു പോത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. “കഴിഞ്ഞ രണ്ട് വർഷമായി, ബസ് ഷെൽട്ടർ പുനഃസ്ഥാപിക്കാൻ ഞങ്ങൾ പ്രാദേശിക എംഎൽഎയോടും എംപിയോടും ആവശ്യപ്പെടുന്നു. ഓരോ തവണയും നേതാക്കൾ നടപടിയെടുക്കുമെന്ന് വാഗ്ദാനം ചെയ്തപ്പോൾ ഒന്നും സംഭവിച്ചില്ല. ബസ് ഷെൽട്ടർ ഇല്ലാതെ ആളുകൾ കഷ്ടപ്പെടുകയാണ്. അധികൃതരെ കാത്തുനിൽക്കാതെ അത് നന്നാക്കാൻ ഞങ്ങൾ തീരുമാനിച്ചു,” ഗ്രാമവാസികൾ പറഞ്ഞു.