Spread the love

ഗാസിയാബാദ്: സാധാരണയായി മോഷ്ടാക്കൾ എന്തെങ്കിലും മോഷ്ടിച്ചുകഴിഞ്ഞാൽ അത് തിരികെ നൽകില്ല. പക്ഷേ ഇവിടെ അക്ഷരാർത്ഥത്തിൽ ഒരു കള്ളൻ താൻ മോഷ്ടിച്ചവയിൽ ചില വസ്തുക്കൾ തിരികെ നൽകി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് അപൂർവ സംഭവം നടന്നത്. 

ആഭരണങ്ങൾ ഉൾപ്പെടെ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടാവ് ഉടമയ്ക്ക് തിരികെ നൽകി. എന്നിരുന്നാലും, മോഷ്ടിച്ച സാധനങ്ങൾ എല്ലാം മോഷ്ടാവ് തിരികെ നൽകിയെന്ന് കരുതരുത്. ഏകദേശം 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് മോഷ്ടിച്ചത്. ഇതിൽ അഞ്ചുലക്ഷം രൂപയുടെ ആഭരണങ്ങൾ ഉടമയ്ക്ക് തിരികെ നൽകി. 

ദീപാവലിക്കിടെയാണ് സംഭവം നടന്നത്. ഒക്ടോബർ 23ന് മോഷണം നടന്ന വീട്ടിലെ അംഗങ്ങൾ സ്വന്തം നാട്ടിലേക്ക് പോയിരുന്നു. ഒക്ടോബർ 27ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട് കൊള്ളയടിക്കപ്പെട്ട വിവരം അറിയുന്നത്. ഇതേതുടർന്ന് വീട്ടുടമസ്ഥനായ പ്രീതി സിരോഹിയാണ് മോഷണ വിവരം പൊലീസിനെ അറിയിച്ചത്. അങ്ങനെ നന്ദ്ഗ്രാം പോലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തു. മോഷണ വിവരം മാധ്യമങ്ങളിലും വാർത്തയായി. തുടർന്ന് ഒക്ടോബർ 31ന് പ്രീതി സിരോഹിക്ക് ഒരു കൊറിയർ ലഭിച്ചു. അത് തുറന്നപ്പോൾ സിരോഹി ഞെട്ടിപ്പോയി. വീട്ടിൽ നിന്ന് മോഷണം പോയ ആഭരണങ്ങളായിരുന്നു അത്. 

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഏകദേശം 20 വയസ് തോന്നുന്ന ഒരാൾ ഒരു സ്കൂൾ ബാ​ഗുമായി ​ഗേറ്റ് കടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പിന്നീട് കൊറിയർ വിലാസത്തിലുള്ള ജ്വല്ലറി അന്വേഷിച്ച് പോയെങ്കിലും അങ്ങനെ ഒരു ജ്വല്ലറിയോ അതിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറോ നിലവിൽ ഇല്ല എന്ന് മനസിലായി. പിന്നീട്, കൊറിയർ കമ്പനിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. അതിൽ രണ്ടുപേരെ കണ്ടു. ഏതായാലും അന്വേഷണം പുരോ​ഗമിക്കുകയാണ്.

By newsten