താജ്മഹലിനുള്ളിലെ അടച്ചിട്ട മുറികൾ തുറക്കണമെന്ന ബി.ജെ.പി നേതാവിന്റെ ആവശ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് എ.ഐ.എം.ഐ.എം നേതാവും ലോക്സഭാ എം.പിയുമായ അസദുദ്ദീൻ ഒവൈസി. താജ്മഹലിനുള്ളിൽ പ്രധാനമന്ത്രി മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് അവർ തിരയുകയാണെന്ന് ഒവൈസി പറഞ്ഞു. മഹാരാഷ്ട്രയിലെ ബിവാന്ദിയില് ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താജ്മഹലിനെച്ചൊല്ലി ബി.ജെ.പി ഉയർത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഒവൈസിയുടെ പ്രതികരണം. താജ്മഹലിനുള്ളിലെ അടച്ചിട്ട 22 മുറികൾ പരിശോധിച്ച് സത്യം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അടുത്തിടെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. താജ്മഹൽ പഴയ ശിവക്ഷേത്രമാണെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ ഹർജി തള്ളിയ കോടതി ഇത്തരം കാര്യങ്ങൾ ചരിത്രകാരൻമാർക്ക് വിടണമെന്നും പറഞ്ഞു.
ഇന്ത്യ എന്റെയോ താക്കറെയുടെയോ മോദിയുടെയോ അമിത് ഷായുടെയോ സ്വന്തമല്ല. ഇന്ത്യ ആരുടെയെങ്കിലും സ്വന്തമാണെങ്കിൽ അത് ദ്രാവിഡർക്കും ആദിവാസികൾ ക്കും മാത്രമുള്ളതാണ്. ബി.ജെ.പിയും ആർ.എസ്.എസും മുഗളൻമാർക്ക് ശേഷം മാത്രമാണ്. ആഫ്രിക്ക, ഇറാൻ, മധ്യേഷ്യ, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് ആളുകൾ കുടിയേറിയ ശേഷമാണ് ഇന്ത്യ രൂപീകരിച്ചത്,” ഒവൈസി പറഞ്ഞു.